കണ്ണൂര്‍: ബി.ജെ.പി നേതാവായ അദ്ധ്യാപകന് പ്രതിയായ പാലത്തായി പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് പൊലീസ് ഹൈക്കോടതിയില്‍. മാത്രമല്ല, ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും ക്രൈം ബ്രാഞ്ച് ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തുവന്നത്. അതേസമയം, അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
നേരത്തേ ലോക്കല്‍ പൊലീസ് ചുമത്തിയ പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്.പെണ്‍കുട്ടി പലതും സങ്കല്പിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡന പരാതിയിലെ കാര്യങ്ങള്‍ ഭാവന മാത്രമാണെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പലതും കണ്ടെത്താനായതുമില്ല.ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ വാദം തള്ളിയ സ്പെഷല്‍ ഗവ. പ്ലീഡര്‍ സുമന് ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന വാദവുമായി മറുഭാഗം ചേരുകയും ചെയ്തു. കേസ് വിധി പറയാന്‍ മാറ്റി. 83ാം ദിവസം ഹൈകോടതി ജാമ്യം നിഷേധിച്ച കേസില്‍ 90ാം ദിവസം തലശ്ശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത് കോടതികള്‍ക്കിടയില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണെന്ന് ഇരയുടെ മാതാവിനുവേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു.
© 2019 IBC Live. Developed By Web Designer London