പാംഗോങ് തടാകത്തോടു ചേര്‍ന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേര്‍ത്ത് ചൈന. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വിസ്തീര്‍ണവും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഇവ വ്യക്തമായി കാണുന്നുണ്ട്. അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ടിബറ്റിലെ ചൈനീസ് സേന കമാന്‍ഡര്‍ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ ചൈന അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനീസ് അക്ഷരങ്ങള്‍ വരയ്ക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ അനുസരിച്ച് മേഖലയില്‍ ചൈനീസ് സേനയുടെ വന്‍ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയില്‍ നിര്‍ത്തിയിരുന്നു. ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളില്‍ 186 കുടിലുകളും ടെന്റുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളതായിട്ടാണ് വിലയിരുത്തല്‍. തടാകത്തിന്റെ കരയ്ക്കു പുറമേ പാംഗോങ്ങില്‍ എട്ടു കിലോമീറ്റര്‍ ഉള്ളിലേക്കു കയറിയാണിത്. ഫിംഗര്‍ 5നോടു ചേര്‍ന്ന് രണ്ട് ഇന്റര്‍സെപ്റ്റര്‍ വിമാനം കിടക്കുന്നതും ഫിംഗര്‍ 4ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും നേരത്തെ കണ്ടെത്തിയിരുന്നു.
ഇന്ത്യയുടെ ഫിംഗര്‍ 1ലേക്കും ഫിംഗര്‍ 3ലേക്കും ചൈനീസ് സേന നീങ്ങുന്നതും സൈറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. പാംഗോങ് തടാകത്തോടു ചേര്‍ന്ന് മേഖലകളാണ് പല ഫിംഗറുകളായി തിരിച്ചിട്ടുള്ളത്. ഫിംഗര്‍ 1 മുതല്‍ ഫിംഗര്‍ 8 വരെ ഇന്ത്യ പട്രോളിങ് നടത്തുന്ന മേഖലയാണ്. എന്നാല്‍ ഫിംഗര്‍ 8 മുതല്‍ ഫിംഗര്‍ 4 വരെ തങ്ങളുടെ കൈവശമാണെന്ന് ചൈന അവകാശപ്പെടുന്നു. നിലവില്‍ ഫിംഗര്‍ 4 ആണു ഇന്ത്യയുടെയും ചൈനയുടെയും അതിരായി കല്പിക്കപ്പെടുന്നത്. മേയില്‍ ഇന്ത്യ ചൈന സൈനികര്‍ ഏറ്റുമുട്ടിയതും ഇവിടെ വച്ചായിരുന്നു. ഫിംഗര്‍ 8 ലേക്ക് ഇന്ത്യ പട്രോളിങ് നടത്താതിരിക്കാന്‍ ഇവിടെ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്.അതേസമയം, പാംഗോങ് തടാകത്തോടു ചേര്‍ന്ന് നിര്‍മിക്കുന്ന ഹെലിപ്പാഡ് 23.1 കിലോമീറ്ററുകള്‍ കൂടി നീട്ടിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നു. പുതിയ ഹെലിപ്പാഡുകള് നിര്‍മിച്ചതായി ചിത്രത്തില്‍ വ്യക്തമല്ല. പഴയ ഹെലിപ്പാഡ് പുനര്‍നിര്‍മിച്ചതിന്റെയും കൂടുതല്‍ വിപുലപ്പെടുത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London