മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നും വളരെ നേരത്തെ തന്നെ വിടപറഞ്ഞതാണെന്നും ഒരു സാഹചര്യത്തിലും ഇനി തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് വളരെ നേരത്തെ തന്നെ ഞാൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽനിന്ന് എന്നെ തീർത്തും ഒഴിവാക്കണമെന്നാണ് അഭ്യർത്ഥന- ഫേസ്ബുക്ക് കുറിപ്പിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.
രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് സുധീരന്റെ പ്രതികരണം. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും താൽപര്യമറിച്ചിരുന്നു. പരിചയസമ്പത്തുള്ള നേതാവാണ് താനെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നുമാണ് ഇന്ന് കെ.വി തോമസ് പറഞ്ഞത്. എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും മത്സരിക്കാൻ താൽപര്യമില്ലെന്ന് എ.കെ ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ട സാഹചര്യം വന്നത്. മുല്ലപ്പള്ളിക്കും യു.ഡി.എഫ് കൺവീനർ എം.എം ഹസനും പുറമെ വി.എം സുധീരന്റെ പേരും സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London