വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് കസ്റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന് വിയാനി ചാര്‍ലി ഫെയിസ് ബുക്ക് പോസ്റ്റിട്ടിരുന്നു. മുസ്ലിം മത വിഭാഗത്തെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫെയിസ്ബുക്കില് കുറിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യാപകനാണ് വിയാനി ചാര്‍ലി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London