പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേസിലെ രേഖകൾ എത്രയും പെട്ടെന്ന് പൊലീസ് സിബിഐക്ക് കൈമാറണം. സിബിഐക്ക് തുടരന്വേഷണം നടത്താൻ അനുമതി. സിബിഐക്ക് അന്വേഷണം വിട്ടത് കൊണ്ട് മാത്രം പൊലീസിൻറെ ആത്മവീര്യം നഷ്ടപ്പെടും എന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോടതി വിധിയിൽ സന്തോഷമെന്ന് ശരത് ലാലിൻറെയും കൃപേഷിന്റേയും രക്ഷിതാക്കൾ പ്രതികരിച്ചു. മക്കൾക്ക് നീതി ലഭിക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം പ്രതികരിച്ചു.
നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചപ്പോഴും സിബിഐക്ക് വേണ്ടി വാദിക്കുന്ന സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ നേതാക്കൾ ഉൾപ്പെടെ 14 പേരാണ് പ്രതികൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London