കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് അനുമതി നൽകിയത്. എം ശിവശങ്കറിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
കള്ളപ്പണ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസും അറസ്റ്റ് ചെയ്യും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് രണ്ടാം പ്രതിയായ സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിൻറെ അറസ്റ്റിന് അനുമതി നൽകി.
ശിവശങ്കറിനായി അന്ന് സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയേയും സരിതിനെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. നാളെ പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
© 2019 IBC Live. Developed By Web Designer London