വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ മുൻ പൂഞ്ഞാർ എം എൽ എ പിസി ജോർജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച് പുറത്തു വന്നതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് പിണറായിയുടെ റമദാൻ സമ്മാനമാണെന്ന് പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത്. ഞായറാഴ്ച കോടതി അവധി ദിനമായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് റിമാൻഡ് റിപോർടിൽ ആവശ്യപ്പെട്ടത്. മുൻ എംഎൽഎ ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും റിപോർടിൽ സൂചിപ്പിച്ചിരുന്നു. സമുദായങ്ങൾക്കിടയിൽ മത സ്പർധയുണ്ടാക്കാൻ പിസി ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപോർടിൽ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച പുലർചെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ എആർ കാംപിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയിരുന്നത്. മെഡികൽ സംഘമെത്തി വൈദ്യ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London