മലപ്പുറം: കരിപ്പൂരിൽ പോലീസിൻ്റെ വൻ സ്വർണ്ണ വേട്ട. 1.5 കോടി വില വരുന്ന രണ്ടേ മുക്കാൽ കിലോയിലധികം സ്വർണ്ണ മിശ്രിതമാണ് കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. ബെഹ്റൈനിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ്സിൽ ഇന്ന് പുലർച്ചെ 1.30 മണിക്ക് എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാം (40) എന്നയാളിൽ നിന്നാണ് പോലീസ് 2.791 കിലോ സ്വർണം പിടികൂടിയത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണ്ണം, പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെൽറ്റിനുള്ളിലൊളിപ്പിച്ച് അരയിൽ കെട്ടിവെച്ച രൂപത്തിലും, മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വർണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ദുസലാം കടത്താൻ ശ്രമിച്ചത്.
774 ഗ്രാം ശരീരത്തിനകത്തും 2018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂർ എയർ കസ്റ്റംസ് പരിശോധനയെ എളുപ്പത്തിൽ അതിജീവിച്ച് എയർപോർട്ടിന് പുറത്ത് എത്താനായി. എയർപോർട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റൈനിൽ വെച്ച് കള്ളകടത്ത് മാഫിയ നൽകിയ നിർദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയിൽ എയർപോർട്ടിൽ നിന്നും യാത്ര തിരിച്ചെങ്കിലും സിറോ പോയിൻറിൽ വെച്ച് പോലീസ് കാർ തടഞ്ഞു അബ്ദു സലാമിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ തൻ്റെ പക്കൽ സ്വർണ്ണമില്ലെന്ന നിലപാടിൽ അബ്ദുസലാം ഉറച്ചു നിന്നു.
എന്നാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ എക്സറേ എടുത്തതിൽ പിന്നെ അബ്ദു സലാമിന് പോലീസിന് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അബ്ദുസലാമിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 30 കേസുകളിൽ നിന്നായി 14 കോടി രൂപ വില വരുന്ന 28 കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London