ആലപ്പുഴ മാന്നാറിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് കണ്ടെത്തി. പാലക്കാട് നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വഴിയിലുപേക്ഷിച്ച് സ്വർണക്കടത്ത് സംഘം കടന്നുകളയുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്ന് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്. നാല് വർഷമായി ദുബൈയിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്പ് ഇരുവരും നാട്ടിലെത്തി. ഇതിനിടെ മൂന്ന് തവണ ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബൈയിൽ പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കുറച്ചാളുകൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടിരുന്നു.
അന്ന് മടങ്ങിയവർ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് കുടുംബത്തിന്റെ മൊഴി. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
സ്വർണക്കടത്ത് സംഘം വഴിയിൽ ഉപേക്ഷിച്ച കാര്യം യുവതി തന്നെയാണ് വീട്ടിൽ വിളിച്ച് അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവതിയുമായി പൊലീസ് ആലപ്പുഴയിലേക്ക് തിരിച്ചു. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London