ട്രാൻസ്ജൻഡേഴ്സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു . ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി. ട്രാൻസ്ജെൻഡേഴ്സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന വിഭാഗം ചുമതലയുള്ള എഡിജിപി വിജയ് സാക്കറെയെയും, ബറ്റാലിയൻ എഡിജിപിയെയും നിയോഗിച്ചത്.
പഠന റിപ്പോർട്ടിന് ശേഷം സേനയുടെ നിലപാട് ആഭ്യന്തര വകുപ്പിനെ അറിയിക്കും. നിയമനത്തിൽ പ്രായോഗിക വശങ്ങൾ, പൊലീസിന്റെ ഏതെല്ലാം വിഭാഗത്തിൽ ഇവരെ വിന്യസിക്കാൻ കഴിയും, പരിശീലനം എങ്ങനെ ക്രമീകരിക്കും ഈ വിഷയങ്ങൾ വിശദമായി പഠിക്കും. നേരത്തെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പൊലീസ് സേനയിൽ ട്രാൻസ്ജെൻഡേഴ്സിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിക്ക് കേരളവും നീങ്ങുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London