സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി. ‘സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു. ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
വിഷയത്തിൽ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ലാതെ വിമർശനം തുടരുകയാണ് ഗവർണർ. തനിക്ക് സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് പറഞ്ഞ ഗവർണർ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയറിയിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർവകലാശാലകളുടെ ചാൻസലർ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ചൂണ്ടിക്കാട്ടി.
കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിലാണ് ഗവർണറുടെ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ സർക്കാരിന് കത്ത് നൽകിയത്. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവർണർ, ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞുതരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണർ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London