സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ നിൽക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് കേരളം ഇനി ആര് ഭരിക്കും എന്നതിലേക്കാണ്. ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമോ എന്ന ചാനൽ ചർച്ചകൾ പൊടിപൊടിക്കുമ്പോൾ ഇടത് സർക്കാരിന് തുടർഭരണം സാധ്യമല്ലെന്ന് പറയുകായണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ ആസാദ്. ജനപിന്തുണയിലെ വളർച്ചയാവില്ല കിട്ടുന്ന സീറ്റുകളുടെ എണ്ണമാവും നിർണായകമാവുക, അതു പ്രവചനങ്ങൾക്കു വഴങ്ങണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തു കാണിക്കുന്ന വേഷങ്ങൾക്കും വീരവാദങ്ങൾക്കും നിരക്കുന്ന വളർച്ചാതോത് പ്രമുഖ മുന്നണികളിലെ വലിയ കക്ഷികൾക്ക് ഉണ്ടാവുന്നില്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. എൽ ഡി എഫും യു ഡി എഫും ഏറെക്കുറെ തുല്യശക്തികളാണെന്ന് കണക്കുകൾ കാണിക്കുന്നു. ബി ജെ പി ഇരു മുന്നണികൾക്കും ശക്തമായ ഭീഷണി ഉയർത്തുന്നുമുണ്ട്മുൻ വർഷങ്ങളിലെ കണക്കുകൾ കൃത്യമായി അപഗ്രഥിച്ച ശേഷമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പോയ വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയശതമാനങ്ങൾ എടുത്തുപറയുകയും ഇടതിനും വലതിനും അതുപോലെ എൻഡിഎക്ക് ലഭിച്ച വർധനവും ആ കണക്കിൽ പറയുന്നു. ഇടത് നേതാക്കൾ നിരത്തി പറയുന്ന കിറ്റും ക്ഷേമ പെൻഷനുകള്പം ഗുണം ചെയ്യില്ലെന്നാണ് ആസാദ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈക്കാര്യങ്ങൾ കണക്കുകൾ സഹിതം വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി പി ഐ എമ്മിന് 26.71%വോട്ടും കോൺഗ്രസ്സിന് 25.29% വോട്ടും ബി ജെ പിക്ക് 14.80% വോട്ടുമാണ് ലഭിച്ചത്. മുസ്ലീംലീഗിന് 9.06 % വോട്ടും സി പി ഐക്ക് 6.93%വോട്ടും മാണിവിഭാഗം കേരള കോൺഗ്രസ്സിന് 2.54%വോട്ടും ജോസഫ് വിഭാഗത്തിന് 1.99%വോട്ടും ലഭിച്ചു.
2019ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 25.97% വോട്ടും കോൺഗ്രസ്സിന് 37.46% വോട്ടും ബി ജെ പിക്ക് 13% വോട്ടുമാണ് ലഭിച്ചത്. മുസ്ലീംലീഗിന് 5.48%വോട്ടും സി പി ഐക്ക് 6.08% വോട്ടും ലഭിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 26.52%വോട്ടും കോൺഗ്രസ്സിന് 23.70% വോട്ടും ബി ജെ പിക്ക് 10.53%വോട്ടും ലഭിച്ചു. സി പി ഐക്ക് 8.12%വോട്ടും മുസ്ലീംലീഗിന് 7.40% വോട്ടുമാണ് കിട്ടിയത്.
വോട്ടുപങ്കിലെ വ്യത്യാസം നോക്കാം
2016, 2019, 2020 വർഷങ്ങളിൽ സി പി എം വോട്ടുകൾ 26.52%, 25.97%, 26.71% എന്നിങ്ങനെയാണ്. കോൺഗ്രസ്സിന് ഇക്കാലയളവിൽ 23.70%, 37.46%, 25.29% എന്നിങ്ങനെയാണ്. ബി ജെ പിക്കാവട്ടെ ഇക്കാലത്ത് 10.53%, 13%, 14.80% എന്നിങ്ങനെയുമാണ്.
വോട്ടനുപാതത്തിൽ ക്രമാനുഗതമായ വളർച്ച കാണുന്നത് ബി ജെ പിക്കാണ്. 2006ൽ 6.03% മാത്രമായിരുന്നത് ഓരോ തെരഞ്ഞെടുപ്പിലും വർദ്ധിച്ചു വന്നിട്ടുണ്ട്. സി പി എം വോട്ടുകൾ 26 – 27 ശതമാനം നില നിർത്തുന്നു. കോൺഗ്രസ്സാവട്ടെ ചാഞ്ചാട്ടം നടത്തുന്നു. 1991, 96, 2001വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 30 ശതമാനത്തിലേറെ വോട്ടുകൾ നേടിയ കോൺഗ്രസ് 2006ൽ 24.09 ശതമാനമായി താഴ്ന്നതാണ്. പിന്നീടുള്ള വലിയ മുന്നേറ്റം 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കാണുന്നു.
ഈ തെരഞ്ഞെടുപ്പിലും കണക്കുകളിൽ വലിയ വ്യത്യാസം കാണാനിടയില്ല. ജനപിന്തുണയിലെ വളർച്ചയാവില്ല കിട്ടുന്ന സീറ്റുകളുടെ എണ്ണമാവും നിർണായകമാവുക. അതു പ്രവചനങ്ങൾക്കു വഴങ്ങണമെന്നില്ല.
പുറത്തു കാണിക്കുന്ന വേഷങ്ങൾക്കും വീരവാദങ്ങൾക്കും നിരക്കുന്ന വളർച്ചാതോത് പ്രമുഖ മുന്നണികളിലെ വലിയ കക്ഷികൾക്ക് ഉണ്ടാവുന്നില്ല എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. എൽ ഡി എഫും യു ഡി എഫും ഏറെക്കുറെ തുല്യശക്തികളാണെന്ന് കണക്കുകൾ കാണിക്കുന്നു. ബി ജെ പി ഇരു മുന്നണികൾക്കും ശക്തമായ ഭീഷണി ഉയർത്തുന്നുമുണ്ട്.
വലതുപക്ഷം, ഇടതുപക്ഷം എന്നിങ്ങനെ വേർതിരിഞ്ഞ് നേരിട്ട് ഏറ്റുമുട്ടിയ കാലത്ത് മുന്നണികൾ മാറിമാറി അധികാരത്തിൽ വന്നിട്ടുണ്ട്. 1957മുതൽ ചരിത്രമതാണ്. വലതുപക്ഷം രണ്ടു മുന്നണികളായി പതുക്കെ പിരിഞ്ഞു വളർന്നു തുടങ്ങിയപ്പോഴും ഇടതുമുന്നണിക്ക് അനായാസ വിജയം സാദ്ധ്യമായില്ല. വലതു ചേരികൾ വളർന്ന തോതിൽ വളരാനോ ജനപിന്തുണയാർജ്ജിക്കാനോ എൽ ഡി എഫിനു കഴിഞ്ഞില്ല എന്ന വാസ്തവം അവർ ശ്രദ്ധിക്കേണ്ടതുണ്ട്.
വലതുപക്ഷ രാഷ്ട്രീയം അതിവേഗം ശക്തിപ്പെടുകയാണ്. വലതു വികസന അജണ്ടകൾക്കു കീഴ്പ്പെടുന്ന എൽ ഡി എഫ് ആ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ജനകീയ സമരങ്ങളിലൂടെ അടിത്തട്ടു സമൂഹങ്ങളുടെ പിന്തുണയാർജ്ജിക്കാൻ കഴിയുന്നില്ല. ചഞ്ചല സ്വഭാവം കാണിക്കുന്ന മദ്ധ്യവർഗ സമൂഹത്തെ ആശ്രയിച്ചുള്ള രാഷ്ട്രീയ നിലപാടും സമീപനവും ഇടതുപാർട്ടികളുടെ വളർച്ച സ്തംഭിപ്പിക്കുന്നു. ഇതു മുറിച്ചു കടക്കാൻ വികസന മുന്നേറ്റ യാത്രകൾ മതിയാവില്ല.
ഈ സാഹചര്യത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർ ഭരണം പ്രതീക്ഷിക്കാനാവില്ല. അങ്ങനെ സ്വാധീനിക്കാവുന്ന തരത്തിലുള്ള വലിയ പിന്തുണ സമീപ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെട്ടു കാണുന്നില്ല.മാദ്ധ്യമങ്ങളും മുന്നണികളും ഉയർത്തുന്ന ബഹളങ്ങൾ മുകൾപ്പരപ്പിലെ ഓളങ്ങളായി അവസാനിക്കും. വോട്ടനുപാതത്തെ അതു വലിയ തോതിൽ ഇളക്കാനിടയില്ല. ഇതുവരെയുള്ള വോട്ടനുപാത പാറ്റേൺ നോക്കിയാൽ അക്കാര്യം വ്യക്തമാവും.
തെരഞ്ഞെടുപ്പിൽ വലിയ ഓളം സൃഷ്ടിക്കാവുന്ന ഒരു വിഷയവും ഓളം സൃഷ്ടിക്കാതായിട്ടുണ്ട്. കക്കയം ക്യാമ്പിലെ രാജന്റെ മരണം പലകാലത്തും ജനസമ്മതിയെ ബാധിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലകളും വാളയാർ പാലത്തായി പീഡനങ്ങളും കസ്റ്റഡിമരണങ്ങളും പൊലീസ് ഭീകരതയും നമ്മെ ഉലയ്ക്കുന്നില്ല. അവ്വിധമുള്ള മനസ്സുകളിൽ കിറ്റിനോ വാഗ്ദാനങ്ങൾക്കോ വലിയ ഇളക്കം സൃഷ്ടിക്കാൻ സാധിക്കയുമില്ല. അതിനാൽ പതിവു പാറ്റേണിലുള്ള ജനവിധിക്കാണ് സാദ്ധ്യത.
മുകളിൽ നൽകിയ വോട്ടനുപാതം പൊതു സമൂഹം പരിശോധിക്കേണ്ടതുണ്ട്. പാർട്ടികളും തങ്ങൾ എവിടെയാണ് ചെന്നു മുട്ടി നിൽക്കുന്നതെന്ന് സ്വയം പഠിക്കട്ടെ. മുന്നണികൾക്കു പുറത്ത് പുതിയ രാഷ്ട്രീയ ഉണർവ്വുകൾക്കു മണ്ണു പാകപ്പെടുകയാണ്. മർദ്ദിത ജനസമൂഹങ്ങളുടെ രാഷ്ട്രീയ ശക്തി രൂപപ്പെടുന്നതിനു മുമ്പുള്ള അനിശ്ചിതത്വം മാത്രമാവണമിത്. എൽ ഡി എഫ് അക്കാര്യം ഓർക്കുന്നതു നന്ന്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London