തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് എത്തിചേർന്നു. കേരളത്തിൽ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിൻറെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അപ്ഡേറ്റഡ് ട്രാക്ക് പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ വച്ചു തന്നെ ശക്തി കുറഞ്ഞു അതി തീവ്രന്യുനമർദ്ദമായി തുടർന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തിൽ പ്രവേശിക്കും. വർക്കലക്കും പരവൂരിനും (കൊല്ലം) ഇടയിൽ അറബികടലിൽ പ്രവേശിച്ചു തീവ്രന്യുന മർദ്ധമായി ശക്തി കുറയാൻ സാധ്യതയെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ പൊൻമുടിയിലെ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കും.
സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിൻറെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ വൈകീട്ടോടെ തമിഴ്നാട് കടക്കുന്ന ബുറേവി നാളെ രാത്രിയോടെ കേരളാതിർത്തിയിൽ കടക്കും പുനലൂർ, കൊല്ലം പ്രദേശത്തുകൂടിയാണ് ഇപ്പോഴത്തെ നിലയിൽ ചുഴലിക്കാറ്റിൻറെ സഞ്ചാരപഥമെങ്കിലും ഇതിൽ വ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ഭയാശങ്കയ്ക്ക് സാധ്യതയില്ലെങ്കിലും കാറ്റിൻറെ വേഗം കൂടുകയാണെങ്കിൽ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
© 2019 IBC Live. Developed By Web Designer London