അതിരപ്പള്ളി പദ്ധതിക്കെതിരെ കോൺഗ്രസ് സമരത്തിന് നേതൃത്വം കൊടുത്താൽ പങ്കെടുക്കുമെന്ന് പ്രശസ്ത സാഹിത്യകാരി മീര. കോൺഗ്രസ്സിൻ്റെ ഒരു സമരത്തിൽ മാത്രമേ ഇതുവരെ പങ്കെടുത്തിട്ടുള്ളൂ എന്നും അതിരപ്പള്ളി പദ്ധതി ഇടതു പക്ഷ ഗവ. പൊടി തട്ടിയെടുത്താൽ രംഗത്തുവരുമെന്നും അവർ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
നാലു കൊല്ലം മുമ്പാണ് ഗീത വാഴച്ചാലിനെ ആദരിക്കുന്ന ചടങ്ങില്‍ പ്രശസ്ത മന:ശാസ്ത്രജ്ഞന് ഡോ. സി.ജെ. ജോണിന്റെ ക്ഷണപ്രകാരം പങ്കെടുത്തത്. നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. കൊച്ചി എന്‍വയണ്‍മെന്റ് മോണിട്ടറിങ് ഫോറമാണു ചടങ്ങു സംഘടിപ്പിച്ചത്. ആദിവാസി മൂപ്പത്തിയായ ഗീത രണ്ടു ദശകമായി വാഴച്ചാല്‍ വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയെന്ന നിലയില്ചെയ്തുവരുന്ന സേവനങ്ങളുടെ പേരിലായിരുന്നു ആദരം. വി.ഡി. സതീശന് എം.എല്‍.എയും കൊച്ചി മേയര്‍ സൗമിനി ജെയിനും പങ്കെടുത്തു. അതിരപ്പിള്ളി പദ്ധതിക്കെതിരേ പതിനെട്ടാം വയസ്സിലാണ് ഗീത നിയമയുദ്ധം ആരംഭിച്ചത്. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ ഊരുകള്‍ മുങ്ങുമെന്നും ആദിവാസികള്‍ കുടിയൊഴിയേണ്ടി വരുമെന്നും ഗീത പറഞ്ഞു. കേരളത്തിലെ ഓരോ അണക്കെട്ടിലും കാടിറങ്ങിയ ആദിവാസികളുടെ കണ്ണുനീരുണ്ട്.
1905ല്‍ പറമ്പിക്കുളത്തേക്കു ബ്രിട്ടീഷുകാര്‍ ട്രാംവേ പണിതപ്പോള്‍ അവിടുത്തെ ആദിവാസികള്‍ പെരിങ്ങല്‍ക്കുത്തില്‍ അഭയം തേടി. പക്ഷേ, സ്വാതന്ത്ര്യാനന്തരം പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പണിതപ്പോള്‍ അവര്‍ അവിടെനിന്നും ആട്ടിയിറക്കപ്പെട്ടു. വാഴച്ചാലിലും സമീപത്തെ കാടുകളിലേക്കും അവര്‍ പലായനം ചെയ്തു. പറമ്പിക്കുളത്തു തുടര്‍ന്നവര്‍ക്കും പിന്നീട് വിട്ടുപോരേണ്ടി വന്നു. ചിലര്‍ വാഴച്ചാലിലെത്തി. ഇടതുപക്ഷ ഗവണ്മെന്റ് അതിരിപ്പിള്ളി പദ്ധതി പൊടി തട്ടിയെടുക്കുമ്പോള്‍ പറിച്ചെറിയപ്പെടാന്‍ പോകുന്നത് പല തവണ കുടിയിറക്കപ്പെട്ട ആ ആദിവാസികളാണ്. നൂറ്റാണ്ടുകളായി സുഖവും സന്തോഷവും സമ്പത്തും അധികാരവും അനുഭവിച്ചിട്ടില്ലാത്തവര്‍. വികസനവാദികള്‍ കൊട്ടിഘോഷിച്ച ടൂറിസം വ്യവസായവും റിയല്‍ എസ്റ്റേറ്റ് വ്യവസായവും ഒരു മഹാമാരിക്കു മുമ്പില്‍ തകര്‍ന്നടിഞ്ഞതെങ്ങനെ എന്നു കണ്ടു കഴിഞ്ഞു.
യഥാര്‍ഥ വികസനം പ്രകൃതിയെ നശിപ്പിക്കലോ ചൂഷണം ചെയ്യലോ അല്ല, മനസ്സിലാക്കലും ഒപ്പം നിര്‍ത്തലുമാണ് എന്നു പല കുറി തെളിഞ്ഞു കഴിഞ്ഞു. വേനല്‍ക്കാലത്ത് കിളികള്‍ക്കു വെള്ളവും ലോക്ഡൗണ്‍ കാലത്ത് തെരുവുനായ്ക്കള്‍ക്ക് ആഹാരവും നല്‍കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി അമൂല്യമായ ജൈവവൈവിധ്യത്തിന്റെ തകര്‍ച്ചയ്ക്കു പച്ചക്കൊടി കാണിച്ചാല്‍ വരാനിരിക്കുന്നതു കൂടുതല്‍ പ്രളയങ്ങളും കൊടും വരള്ച്ചകളുമാണ്. കോണ്‍ഗ്രസിന്റെ ഒരു സമരത്തിലേ ഇതുവരെ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ. അത് പാത്രക്കടവു ജലവൈദ്യുത പദ്ധതിക്ക് എതിരേയുള്ളതായിരുന്നു. അന്നത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത് സുകുമാര്‍ അഴീക്കോട് മാഷ് ആണ്. രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും പങ്കെടുത്തു.വീണ്ടും ഒരു കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് അതിരപ്പിള്ളി പദ്ധതിക്ക് എതിരേയുള്ള സമരത്തിലായിരിക്കും. കോണ്‍ഗ്രസില്‍ നല്ല രാഷ്ട്രീയം സംസാരിക്കാന്‍ വി.എം. സുധീരന് ഇപ്പോഴും ഉണ്ട് എന്നതില്‍ സന്തോഷം.
അതേസമയം, എഴുത്തുകാർ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിനെ വിമർശിച്ച കമൻ്റിനോട് മീര പ്രതികരിച്ചതിങ്ങനെ;
ശ്രീമതി പ്രീത, നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആണുങ്ങളും പെണ്ണുങ്ങളും ഇഷ്ടപ്പെടുന്നതു എഴുത്തുകാരികള്‍ പ്രേമത്തെക്കുറിച്ച്, പുരുഷനെ കുറിച്ച്, കുഞ്ഞുങ്ങളെ കുറിച്ച്, ത്യാഗത്തെ കുറിച്ച്, രാത്രിയെ കുറിച്ച്, പൂക്കളെ കുറിച്ച്, നിലാവിനെ കുറിച്ച് ഒക്കെ മാത്രം സംസാരിക്കുന്നതാണ്. വളരെ മോഡേണ്‍ ആയ ചിലര്‍ ആര്‍ത്തവത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കാന്‍ അനുവാദം തന്നെന്നിരിക്കും. പക്ഷേ, നീതിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റി, മതത്തെപ്പറ്റി –മിണ്ടിക്കൂടാ. അങ്ങനെ മിണ്ടിത്തുടങ്ങുമ്പോള്‍ അധികാരത്തിനുള്ള ഈ തലമുറയിലെയും വരും തലമുറയിലെയും സ്ത്രീകളുടെ അവകാശമാണ് എഴുത്തുകാരി ഓര്‍മ്മിപ്പിക്കുന്നത്. അത് നിലവിലുള്ള സമൂഹത്തിന് അസഹനീയമാണ്. കാരണം, ഓരോ സ്ത്രീയും തന്റെ ഇടവും പദവിയും അവകാശപ്പെട്ടു തുടങ്ങിയാല്‍ നിലവിലുള്ള അധികാരവ്യവസ്ഥ കടപുഴകും. അതു നിലനില്‍ക്കുന്നത് അവളുടെ അധ്വാനത്തിലും ത്യാഗത്തിലുമാണല്ലോ. എഴുത്തുകാരികള്‍ രാഷ്ട്രീയം പറയരുത് എന്ന് ആഗ്രഹിച്ചിട്ട് ഇന്നത്തെ കാലത്ത് ഫലമില്ല, പ്രീത. അവരെ നിശ്ശബ്ദരാക്കണമെങ്കില് പ്രീതയ്ക്കു മുമ്പില്‍ ഒരു വഴിയേ ഉള്ളൂ – അവരേക്കാള്‍ അധികമായി രാഷ്ട്രീയം പറയുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London