സിൽവർ ലൈനിനെതിരെ പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞു. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡൻ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എൻ.പ്രതാപനേയും ഡീൻ കുര്യാക്കോസിനേയും പൊലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാർ പദ്ധതിയിട്ടിരുന്നത്. സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. തുടർന്ന് വാർത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉൾപ്പെടുത്താതെ വിജയ്ചൗക്കിൽ നിന്ന് എംപിമാർ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാർലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാർ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡൽഹി പൊലീസ് വഴിയിൽ തടയുകയായിരുന്നു.
ബാരിക്കേഡ് തട്ടിമാറ്റി മുന്നേറാൻ ശ്രമിച്ച ടി.എൻ.പ്രതാപനെ പൊലീസ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ ഹൈബി ഈഡനും ബാരിക്കേഡ് മറികടന്നെത്തി. ഇതിനിടയിൽ പൊലീസ് ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. കൂടുതൽ യുഡിഎഫ് എംപിമാർ പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയതോടെ എംപിമാരെ പ്രതിരോധിക്കുന്നതിനപ്പുറം വിഷയം എംപിമാർക്കെതിരായ ആക്രമണത്തിലേക്ക് നീങ്ങി. ഡീൻ കുര്യാക്കോസിനെ വളഞ്ഞിട്ട് പിടിച്ച് ആക്രമിക്കാൻ ശ്രമമുണ്ടായി. കെ.സി.വേണുഗോപാലിനെതിരെയും കെ.മുരളീധരനെതിരെയും ബെന്നി ബെഹ്നാൻ എംപിക്കെതിരേയും കൈയേറ്റമുണ്ടായി. വനിത പൊലീസുകാരെ പോലും ഉപയോഗപ്പെടുത്താതെ പുരുഷ പൊലീസ് രമ്യ ഹരിദാസിനേയും തടഞ്ഞു. തുടർന്ന് അതിക്രമം തടയാൻ ഹൈബി ഈഡൻ രമ്യയ്ക്ക് സംരക്ഷണമൊരുക്കി. തുടർന്ന് പ്രതിഷേധവുമായി പാർലമെന്റിലെത്തിയ എംപിമാർ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London