മുഖ്യമന്ത്രിയുടെ വരവിനെത്തുടർന്ന് കോട്ടയത്ത് വൻഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ എത്തുന്ന വഴിയിലാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്. വലിയ സുരക്ഷ ഉണ്ടായിരുന്നു, അത് ഭേദിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഉടൻ അവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വാഹനങ്ങൾ കെ.കെ.റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിൽ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെ.ജി.ഒ.എ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നതിനെ തുടർന്നാണ് നിയന്ത്രണം. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വേദിയിലെത്താൻ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നിൽ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റർ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻറെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London