കൊവിഡ് വാർഡിലും ഐസിയുവിലും ജോലി നോക്കുന്ന നഴ്സുമാരുടെ ക്വാറൻ്റീൻ കാലാവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാർ ഇന്ന് കരിദിനം ആചരിച്ചു. കെ.ജി.എൻ.യുവിൻ്റെ നേതൃത്വത്തിലാണ് നഴ്സുമാർ കരിദിനം ആചരിച്ചത്. കൊവിഡ് ഐസിയുവിൽ 10 ദിവസം ഡ്യൂട്ടി ചെയ്താൽ 7 ദിവസം നിരീക്ഷണവും, ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്തവർക്ക് 3 ദിവസവും നിരീക്ഷണം മതിയെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് സർക്കുലർ ഇറക്കിയിരുന്നു. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം പതിനാല് ദിവസത്തെ ക്വാറൻ്റീൻ ആണ് ആരോഗ്യ ജീവനക്കാർ പൂർത്തിയാക്കേണ്ടത്. സമൂഹ വ്യാപനത്തിന് വഴിയൊരുക്കുവാൻ സാധ്യതയുള്ള, നിലവിലെ സർക്കുലർ പിൻവലിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നും മുൻകരുതൽ ശക്തിയാക്കിയാൽ മതിയെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
© 2019 IBC Live. Developed By Web Designer London