ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഏജന്‍സികളും സ്ഥിതിഗതികള്‍ നിരീക്ഷിക്കുക എന്നതാണ് യെല്ലോ അലേര്ട്ടുുകൊണ്ട് ഉദ്ദേശിക്കുന്നത്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. വെള്ളിയാഴ്ച രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് 2.5 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും തീരദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അതോരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ഹൈദരാബാദില്‍ ലഭിച്ചത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പട്ട് വടക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വൈകിട്ടോടെ അറബിക്കടലില്‍ ചേരുമെന്നാണ് പ്രവചനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London