തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ അടങ്ങിയതാണ് ഭേദഗതി ബിൽ. വിശദമായ പഠനത്തിന് സഭാ സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബിൽ തിരക്കിട്ട് പാസായത്. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബിൽ ശബ്ദവോട്ടിലൂടെ കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
ബില്ലിലൂടെ വരുന്ന മാറ്റങ്ങൾ;
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കും. ഇതിന് നിയമസാധുത നൽകാനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 23ാം വകുപ്പ് തിരുത്തി. വോട്ടർപട്ടികയിൽ പേരുചേർക്കാൻ വർഷത്തിൽ ഒരിക്കൽ എന്നത് മാറ്റി നാല് അവസരങ്ങൾ (ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1) നൽകും. ജനപ്രാതിനിധ്യ വകുപ്പിന്റെ 14(ഡി) യിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വോട്ടെടുപ്പ്, വോട്ടെണ്ണൽ, വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഏത് കെട്ടിടവും താത്ക്കാലികമായി ഏറ്റെടുക്കാൻ അവസരം നൽകും.
തെരഞ്ഞെടുപ്പിന് വിശ്വാസ്യത വർധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജുവിന്റെ വാദം. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിർബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രിം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി.എസ്.പി, ആർ.എസ്.പി അംഗങ്ങൾ എതിർക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London