തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. നിയമ മന്ത്രാലയത്തിന്റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമ്മീഷന് ഹൈകോടതിയെ അറിയിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21ന് മുമ്പാണ് പുറപ്പെടുവിച്ചതെന്നും കമ്മീഷന് ഹൈകോടതിയെ ബോധിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനിടെ നിലവിലെ എം.എല്‍.എമാര്‍ വോട്ട് ചെയ്യുന്നത് അനുചിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നല്കിയ ‘റഫറന്‍സ്’ മുന്‍നിര്‍ത്തി കേരളത്തിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയാണ് വിവാദത്തിന് വഴിവെച്ചത്. വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചതടക്കം തെരഞ്ഞെടുപ്പു നടപടി തുടങ്ങിക്കഴിഞ്ഞ ശേഷമാണ് മുമ്പൊരിക്കലുമില്ലാത്ത ഇടപെടല്‍ ഉണ്ടായത്.
നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി പരിഗണിച്ചാണ് പുതിയ അംഗങ്ങള്‍ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുന്നത്. ഏപ്രില്‍ 12നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. വിജ്ഞാപനം പുറത്ത് വന്ന് 19 ദിവസത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാകൂ. എന്നാല്‍, പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു. ഏപ്രില്‍ 21നാണ് രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരുന്നത്.
നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പില്‍ വ്യക്തമാക്കിയത്. സ്വതന്ത്രവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കേണ്ട കമീഷന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പു നടപടി കമ്മീഷന് നിശ്ചയിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നിട്ടും സര്‍ക്കാര്‍ ഇടപെടുകയാണ് ചെയ്തത്. നിയമമന്ത്രാലയത്തിന്റെ കത്ത് കിട്ടിയെന്നല്ലാതെ, തെരഞ്ഞെടുപ്പു മാറ്റുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. രാജ്യസഭ തെരഞ്ഞെടുപ്പിന് കമ്മീഷന് നിശ്ചയിച്ച സമയക്രമം ഒരു രാഷ്്ട്രീയ പാര്‍ട്ടിയും എതിര്‍ത്തിരുന്നില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London