മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് സുധാകരൻ വിമർശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല, അങ്ങനെ അപമാനിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ‘ചെത്തുകാരന്റെ മകൻ’ എന്ന് കെ. സുധാകരൻ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരൻ എം.പിയും പ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിത്തലയുടെ വിശദീകരണം
സുധാകരൻ പാർട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാർത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, താൻ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്, വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ബന്ധു നിയമനങ്ങളാണ് സിപിഎം നടത്തുന്നത്, പാർട്ടി എം.എൽ.എമാരുടെയും എംപിമാരുടെയും ഭാര്യമാരെ അനധികൃതമായി നിയമിക്കുകയാണെന്നും ഇതു പോലെ ഗതികെട്ട കാലമുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London