വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടിയെ പരിപൂർണമായി പിന്തുണച്ച് സിപിഐ സംസ്ഥാന നേതൃത്വം. മുന്നണി തീരുമാനപ്രകാരം തന്നെയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും സിപിഐ നേതൃത്വം അറിയിച്ചു. റദ്ദാക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. 2019ൽ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. എം എം മണി ഉൾപ്പെട്ട ക്യാബിനറ്റിന്റേതായിരുന്നു തീരുമാനമെന്നും അതിന്റെ നടപടിക്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്നും പാർട്ടി നേതൃത്വം വിശദീകരിച്ചു. സിപിഐ നേതൃത്വത്തിന്റെ നിലപാടിനെ ശരിവെയ്ക്കുന്ന പ്രസ്താവന തന്നെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നുമുണ്ടായത്.
2019ലെ ക്യാബിനറ്റ് തന്നെയാണ് പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത് എന്ന് കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു. പട്ടയം റദ്ദാക്കിയതിന്റെ ഭാഗമായി ആരേയും ഒഴിപ്പിക്കില്ല. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുകയാണെന്നും കോടിയേരി വിശദീകരിച്ചു. ഇടുക്കി ജില്ലയിലെ സിപിഐഎമ്മിന്റേയും സിപിഐയുടേയും ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം പട്ടയവുമായി ബന്ധപ്പെട്ട വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് എം എം മണി പ്രതികരിച്ചത്. രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രൻ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വൻകിടക്കാർക്ക് ഭൂമി നൽകിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London