ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പൊന്നാനി താലൂക്കിലെ വായനശാലകൾ അക്ഷരമുറ്റത്ത് ഫലവൃക്ഷമൊരുക്കി. വായനശാലാ പരിസരത്തും പൊതു ഇടങ്ങളിലും ഫലവൃക്ഷതൈകൾ നട്ട് സംരക്ഷണ വേലിയൊരുക്കിയാണ് വായനശാലകളിൽ പരിസ്ഥിതി ദിനാചരണം നടത്തിയത്. പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും പൊതു ഇടങ്ങളിൽ തൈകൾ നടുകയും ചെയ്തു. പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പൊറുങ്ങ് ജ്ഞാനോദയം വായനശാലാ പരിസരത്ത് നടന്ന പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഷൈന കെ. ഉദ്ഘാടനം ചെയ്തു. അയിങ്കലം ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാല സംഘടിപ്പിച്ച അക്ഷരമുറ്റത്തൊരു ഫലവൃക്ഷം പരിപാടി വായനശാല പ്രസിഡൻ്റ് എ.കെ. അബ്ദുറഹിമാൻ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.
പനമ്പാട് നവോദയം കലാസമിതി ആൻ്റ് ഗ്രന്ഥാലയം പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ്സും ഫലവൃക്ഷതൈ നടലും നടത്തി. അക്ഷരമുറ്റത്തൊരു ഫലവൃക്ഷം പരിപാടിയുടെ ഭാഗമായി വെള്ളാഞ്ചേരി വായനശാല ആൻഡ് ഗ്രന്ഥാലയം വെള്ളാഞ്ചേരി ഗവ. യു.പി.സ്കൂൾ മുറ്റത്ത് ഫല വൃക്ഷ തൈകൾ നട്ടു. തവനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പൊറൂക്കര യാസ്പൊ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനശാലാ ഗ്രൗണ്ടിനു ചുറ്റും ഫലവൃക്ഷ തൈകൾ നട്ടു. അയിലക്കാട് സംഘ വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണവും നടലും നടന്നു. പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ ഇ.പി. നവാസ് ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ടാസ്ക് ലൈബ്രറി, മാറഞ്ചേരി മൈത്രി വായനശാല എന്നിവിടങ്ങളിലും ഫലവൃക്ഷതൈ നടൽ നടന്നു. പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല വായനശാലാ പരിസരത്ത് സംഘടിപ്പിച്ച അക്ഷരമുറ്റത്തൊരു ഫലവൃക്ഷം പരിപാടി പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇ.കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London