സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ നാലുജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിൽ മണ്ണിടിഞ്ഞും വീടുകളിൽ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായും ആറുട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
വിഴിഞ്ഞത്ത് ശക്തമായ മഴയ്ക്കൊപ്പം കടൽക്ഷോഭവും രൂക്ഷമാണ്. വീടുകൾക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങൾക്കും യാനങ്ങൾക്കും കടകൾക്കും ഏകദേശം അൻപത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി വി ശിവൻകുട്ടിയും ജില്ലാ കളക്ടറും സന്ദർശിച്ചു.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു.ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London