ഇടുക്കി: മൂന്നാറില്‍ പുഴയോര കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണു രാജ്. പുഴയുടെ ഒഴുക്കിന് തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വേണ്ടിവന്നാല്‍ പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനം.ഇടുക്കി ജില്ലയിലും മൂന്നാറിലും പ്രളയം ആവര്‍ത്തിച്ചതോടെയാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കലക്ടര്‍ രംഗത്തെത്തിയത്.
അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കൈയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആവശ്യമെങ്കില്‍ മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നിനുള്ള നടപകളും സ്വീകരിച്ചേക്കും.
മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെയും നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ചെറിയൊരു മഴയില്‍പ്പോലും മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധിക്യത കൈയ്യേറ്റം കാരണമെന്നാണ് റവന്യുവകുപ്പിന്റെ വിലയിരുത്തല്‍.
© 2019 IBC Live. Developed By Web Designer London