അമ്മ താരസംഘടനയില്‍ നിന്നും പാര്‍വതി തിരുവോത്ത് രാജി വച്ചു. ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. ബാബുവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഉച്ചയോടെ തന്നെ രംഗത്തെത്തിയിരുന്നു. അമ്മ നിര്‍മിക്കുന്ന ട്വിന്റി ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് നല്കിയ ഉത്തരമാണ് വിവാദമാകുന്നത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പാര്‍വതി തിരുവോത്ത് ഫെയ്സ്ബുക് പോസ്റ്റ്
2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A. M. M.Aയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A. M. M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ A. M. M. A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.
© 2019 IBC Live. Developed By Web Designer London