പുതുക്കിയ ഇന്ധനവില ഇന്നുമുതൽ പ്രാബല്യത്തിൽ. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്ഥാനത്തെ പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.30 രൂപയുമാണ് കുറയുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും.
കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്. ഇന്ധനവില വർധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാൽ, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു. വർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവയിലും കുറവുവരും. സ്റ്റീൽ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾക്കുള്ള ഇറക്കുമതി തീരുവയും കുറയുമെന്നാണ് അറിയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London