ശ്രീലങ്കൻ ജയിലിൽ തടവുകാർ രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ എട്ട് ജയിൽപ്പുള്ളികൾ കൊല്ലപ്പെട്ടു. ശ്രീലങ്കൻ ആസ്ഥാനമായ കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ആണ് സംഭവം. സംഭവത്തിൽ 55 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥരണ്.
ജയിലിലെ റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് ജയിൽ അധികൃതരുടെ പക്ഷം. ശ്രീലങ്കൻ ജയിലുകളിൽ കോവിഡ് പടർന്നുപിടിക്കുകയാണെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
മഹാര ജയിലിൽ മാത്രം ഇതിനോടകം 175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് തടവുകാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ ജയിൽ അധികൃതർ തയ്യാറാകാത്തതാണ് കലാപത്തിന് കാരണം എന്നും പറയുന്നു. കലാപകാരികൾ ജയിലിനുള്ളിലെ അടുക്കളയും റെക്കോർഡ് മുറിയും അഗ്നിക്കിരയാക്കിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്ന് തീയും പുകയും ഉയരുന്നതായി സമീപവാസികൾ അറിയിച്ചതിനെത്തുടർന്നാണ് വിവരങ്ങൾ പുറത്തറിയുന്നത്.
© 2019 IBC Live. Developed By Web Designer London