കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ കൊച്ചിയിലെ നാലു വീടുകളിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശ് സമ്പാൽ സ്വദേശി ചന്ദ്രബൻ (38), ഡൽഹി സ്വദേശികളായ ജെ.ജെ. കോളനിയിൽ മിന്റു വിശ്വാസ് (47), ഹിജായപ്പുർ, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വർണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.
ഏപ്രിൽ 21-നാണ് നെടുമ്പാശ്ശേരിയിൽ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തിൽ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസം തന്നെ കടവന്ത്ര ജവഹർ നഗറിലുള്ള വീട്ടിൽ കയറി എട്ടുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. അടുത്തദിവസം എളമക്കര കീർത്തിനഗറിലെ വീട്ടിൽനിന്ന് മൂന്നുപവൻ സ്വർണവും 8,500 രൂപയും കവർന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പൊലീസ് ഇവരെ കുടുക്കിയത്. നഗരത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മോഷണങ്ങൾ നടന്നതോടെ പൊലീസ് പരിശോധന വ്യാപകമാക്കിയിരുന്നു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് രണ്ടു കവർച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടർന്ന്, സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശത്തിൽ കടവന്ത്ര, എളമക്കര, നോർത്ത്, സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. രണ്ടിടത്തെ മോഷണത്തിനുശേഷം പൊലിസ് സംഘം കൊച്ചിയിൽ മുഴുവൻ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്റോഡിലെ വീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടിൽനിന്ന് 35,000 രൂപയും കവർന്നിരുന്നു. ഇതിനുശേഷമാണ് പ്രതികൾ പിടിയിലായത്.
സി.സി.ടി.വി.യിൽനിന്ന് ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും പൊലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലർച്ചെ രണ്ടുമണിയോടെ പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയൽ രേഖയും ഫോൺനമ്പർ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവർ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London