ശബരിമലയിൽ മകരവിളക്ക് ഇന്ന്. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ ശേഷിക്കേ ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. ഭക്തജന തിരക്കില്ലാതെയാണ് ഇത്തവണ മകരവിളക്ക് മഹോത്സവം.തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും കൊടുത്തുവിടുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകര സംക്രമ പൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും.
തുടർന്ന് സന്നിധാനത്തേക്ക് കൊണ്ടു വരുന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരത്തിന് ചുവട്ടിൽ വെച്ച് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവർ ചേർന്ന് ആചാരപ്രകാരം സ്വീകരണം നൽകും. ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. 6.30 ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും.
സന്നിധാനത്തുനിന്ന് മാത്രമേ ഇത്തവണ മകരജ്യോതി ദർശിക്കാനാവൂ.പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർഥാടകർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽനിന്നൊന്നും മകരവിളക്ക് കാണാൻ അനുവദിക്കില്ല. സന്നിധാനത്തു നിന്നുള്ള ദർശനം ഇന്ന് ഉച്ചവരെ എത്തുന്ന ഭക്തർക്ക് മാത്രമാണ്. ഉച്ചയ്ക്ക് ശേഷം ഭക്തരെ അനുവദിക്കുന്നതല്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London