വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമത്തിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഹൈക്കോടതിയെ അറിയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജോസഫൈന്റേത് വനിതാ കമ്മീഷൻ അധ്യക്ഷ പദവിക്ക് നിരക്കാത്ത പ്രവർത്തനമാണെന്നും പാർട്ടി അനുഭാവിയെ പോലെ പെരുമാറുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വിവാദ പരാമർശം നടത്തിയത് കഴിഞ്ഞ ദിവസമാണ്. സിപിഐഎം കോടതിയും പൊലീസുമാണെന്ന് ജോസഫൈൻ പറഞ്ഞു. പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.
നിങ്ങൾ ചോദിക്കുന്ന ചോദ്യമേതെന്ന് അറിയാം. ആ കേസിൽ അവർ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാർട്ടി അന്വേഷണവും മതിയെന്ന്. തന്റെ പാർട്ടി ഒരു കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും ജോസഫൈൻ പറഞ്ഞു. സ്ത്രീ പീഡനപരാതികളിൽ ഏറ്റവും കർക്കശമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഐഎം. അതിൽ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈൻ വ്യക്തമാക്കി. എന്നാൽ നിരവധി നേതാക്കൾ ജോസഫൈന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി.
© 2019 IBC Live. Developed By Web Designer London