തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാർട്ടികളും തുടരുന്ന ‘ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ’ എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കരുത്ത് തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 22 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സവിശേഷമായൊരു രാഷ്ട്രീയാന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു. മുമ്പൊക്കെ തിരഞ്ഞെടുപ്പ് അടുത്താൽ, കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് സംസ്ഥാനം വേദിയാകുമായിരുന്നു. വിവിധ പാർട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയ-നിലപാടുകളും വികസനത്തോടുള്ള കാഴ്ചപ്പാടുകളുമൊക്കെയായിരുന്നു ചർച്ച ചെയ്യപ്പെട്ടിരുന്നത്. നിലവിലുള്ള സർക്കാറിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണമികവും വീഴ്ചകളും അഴിമതിയും ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലെ മുൻഗണനകൾ മാറിമറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, പ്രകടന പത്രിക, തിരഞ്ഞെടുപ്പ് പ്രഭാഷണങ്ങൾ, തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള യാത്രകൾ തുടങ്ങിയവയെല്ലാം മതേതര കാഴ്ചപ്പാടിലൂടെയല്ല നടക്കുന്നത്. മതേതര പാർട്ടികൾ വരെ ഹിന്ദുത്വ ഭൂമികയിൽ നിന്നുള്ള ചർച്ചകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. രാജ്യത്തെ തകർത്തു കൊണ്ടിരിക്കുന്ന ബിജെപി വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ടിതമായ സാമൂഹിക വിഭജനത്തിന് ഇടതു- വലതു മുന്നണികൾ അവരാൽ കഴിയുന്ന സംഭാവനകൾ നൽകുന്നത് മതേതര വിശ്വാസികളെ നിരാശരാക്കുന്നു. തൊഴിലില്ലായ്മ, ഭവന രഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-ആതുര ചികിൽസാ മേഖലകളിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ നേരിടുന്ന വിവേചനം തുടങ്ങിയ വിഷയങ്ങളൊന്നും ചർച്ചയാവുന്നില്ല. ഇവിടെയാണ് പരമ്പരാഗത രാഷ്ട്രീയ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അപചയം ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ ശക്തമായ മൽസരത്തിന് വേദിയൊരുക്കുന്നത്. അതേസമയം ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത ജനാധിപത്യ പോരാട്ടവും പാർട്ടി നടത്തും. സാധ്യമായ മണ്ഡലങ്ങളിലെല്ലാം പാർട്ടി മൽസരിക്കുമെന്നും കൂടുതൽ സ്ഥാനാർത്ഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, സെക്രട്ടറി പി ആർ സിയാദ് എന്നിവരും സംസാരിച്ചു.
സ്ഥാനാർഥികളും മണ്ഡലങ്ങളും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London