രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ നടത്തും . ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുക 736 ജില്ലാ കേന്ദ്രങ്ങളിലാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള വാക്സിൻ വിതരണം സുഗമമാക്കുന്നതിന് പൂനെയാണ് സെൻട്രൽ ഹബായി തെരഞ്ഞെടുത്തിട്ടുള്ളത്. പൂനെയിൽ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്. 72 മണിക്കൂറിനകം ഭൂരിഭാഗം കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് കൂട്ടൽ.
ഉത്തരേന്ത്യയിൽ ഡൽഹിയിലും കർണാലിലും കിഴക്ക് കൊൽക്കത്തയിലും ഗുവാഹത്തിയിലും, ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരബാദിലും മിനി ഹബുകൾ സജ്ജമാക്കിയിട്ടുണ്ട്. വാക്സിൻ വിതരണ മാർഗ നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഡൽഹിയിൽ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് പ്രധാന സംഭരണ കേന്ദ്രം. അവിടെ നിന്നും 600 ശീതികരണ ശൃംഖല കേന്ദ്രങ്ങളിലേക്ക് വാക്സിൻ കൊണ്ടുപോകും. ഇതിനിടെ യുപിയിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ 736 ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് രണ്ടാം ഘട്ട ഡ്രൈ റൺ നടക്കും.
വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ ഡ്രൈ റൺ. ഇന്നലെ ഡ്രൈ റൺ നടന്നതിനാലാണ് യുപിയെയും ഹരിയാനയെയും ഒഴിവാക്കിയിട്ടുള്ളത്. ഡ്രൈ റൺ വിലയയിരുത്താൻ ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് ചെന്നൈയിലെത്തും.
© 2019 IBC Live. Developed By Web Designer London