മലപ്പുറം: കെ ടി ജലീലും പി കെ കുഞ്ഞാലിക്കുട്ടിയും ഒരു മാസം മുന്നെ നടന്ന കൂടിക്കാഴ്ച്ചയെ ചൊല്ലിയാണ് സോഷ്യൽ മീഡിയ മുഴുക്കെ ഇപ്പോൾ ചർച്ച. കരിമണൽ ഘനന വിവാദം മുതൽ ഗുജറാത്ത് ഫണ്ട് വെട്ടിപ്പ് വരെ അക്കമിട്ട് നിരത്തിയതാണ് ലീഗിൽ നിന്ന് ജലീലിനെ പുറത്താക്കാനിടയാക്കിയത്. മൂട്ടയെ കൊല്ലാൻ പീരങ്കി വേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ അക്കാലത്തെ പ്രസംഗത്തിലൊടുവിലാണ് കുറ്റിപ്പുറത്ത് തനിക്കെതിരെ മത്സരിക്കാൻ ജലീൽ വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പിൽ ആന കുത്തിയാൽ മറിയാത്ത കുറ്റിപ്പുറം കടപുഴകി വീണതും ചരിത്രം. പിന്നീടവിടുന്നിങ്ങോട്ട് പോരാട്ടങ്ങളുടെയും പോർ വിളികളുടെയും നാളുകളായിരുന്നു. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാരിറ്റിക്കാരൻ ഫിറോസ് കുന്നംപറമ്പിലിലൂടെ ജലീലിനെ മലർത്തിയടിക്കാൻ ലീഗ് പതിനെട്ടടവും പയറ്റിയെങ്കിലും പരാജയപ്പെടുകയായിരുന്നു. AR നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെതടക്കമുള്ള കള്ളപണ നിക്ഷേപത്തിൻ്റെ കണക്കുകളുമായി വന്നാണ് ജലീൽ ഇതിന് തിരിച്ചടി കൊടുത്തത്. ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാനാണ് കുഞ്ഞാലിക്കുട്ടി വെടി നിർത്തി കാല് പിടിക്കാനെത്തിയതെന്നാണ് പിന്നാമ്പുറങ്ങളിലെ അടക്കം പറച്ചിൽ. കാര്യമെന്തായാലും തൊട്ടതെല്ലാം പൊന്നാക്കിയ കെ ടി ജലീലിൻ്റെ ജൈത്രയാത്രയുടെ ആ തുടക്ക കാലം ഇങ്ങിനെയായിരുന്നു.
ഒരു വൈകുന്നേരം, മലപ്പുറത്ത് പത്രം ഓഫീസുകളിലെ മേശപ്പുറത്തേക്ക് ഒരു കവർ വന്നുവീഴുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴേക്കും കവർ ഇട്ടയാൾ പോയ്ക്കഴിഞ്ഞിട്ടുണ്ടായിരുന്നു. കവർ പൊട്ടിച്ച് നോക്കിയപ്പോൾ പി കെ കുഞ്ഞാലിക്കുട്ടിക്ക് തുറന്ന കത്ത്. കത്തെഴുതിയത് കെ ടി ജലീൽ. നാലഞ്ചു പേജുള്ള കത്തിൽ സുനാമി ദുരിത ബാധിതരുടെ വീടിനുള്ള ഫണ്ടിൽ വെട്ടിപ്പ് നടത്തിയത് മുതൽ കരിമണൽ ഖനനത്തിലെ അനധികൃത ഇടപെടലുകൾ വരെയുള്ള കാര്യങ്ങൾ നിരത്തിയിരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ കെ ടി ജലീൽ ചരിത്രം കുറിച്ചുതുടങ്ങിയത് ഈ തുറന്ന കത്ത് മുതലാണ്. അധികം വൈകാതെ മുസ്ലിം ലീഗിൽ നിന്ന് ജലീൽ പുറത്തുപോയി. കുഞ്ഞാലിക്കുട്ടിയുമായുള്ള പോരാണ് ജലീലിനെ പുറത്തേക്ക് വഴിതെളിയിച്ചത് എന്ന് കരുതുന്നവരാണേറെയും. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് എതിരാളിയായി ജലീൽ വന്നപ്പോൾ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. യഥാർഥത്തിൽ കുഞ്ഞാലിക്കുട്ടി ആയിരുന്നോ ലീഗിൽ ജലീലിന്റെ ശത്രു. അതിന് കാലം ഉത്തരം നൽകുമായിരിക്കും. ലീഗിൽ നിന്ന് ജലീൽ പുറത്തുപോയതിന്റെ ആദ്യവർഷങ്ങളിൽ ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ കാര്യമായ ശത്രുത ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർക്കിടയിൽ മഞ്ഞുരുക്കമുണ്ടായിട്ടുണ്ട്. ഈയിടെയാണ് ജലീലിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. തീർത്തും ലളിതമായ ആ ചടങ്ങിൽ രാഷ്ട്രീയരംഗത്ത്നിന്ന് ജലീൽ ക്ഷണിച്ചത് രണ്ടേ രണ്ടു പേരെ മാത്രമായിരുന്നു. ഒന്ന് പാലോളി മുഹമ്മദ് കുട്ടി, മറ്റൊന്ന് കുഞ്ഞാലിക്കുട്ടി.
ജലീൽ ലീഗിൽ തന്നെ തുടരുകയായിരുന്നുവെങ്കിൽ എന്തായിരിക്കും ഇപ്പോൾ സംഭവിച്ചിരിക്കുക എന്ന് ആലോചിക്കാവുന്നതാണ്. എം.എൽ.എ പദവി നൽകുമായിരിക്കും. ലഭിക്കുന്ന പദവിയിൽ അദ്ദേഹം സത്യസന്ധത കാണിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മത്സരിക്കുന്ന മണ്ഡലത്തിൽ തന്നെ വീണ്ടും വീണ്ടും വിജയിക്കാനും അദ്ദേഹത്തിന് കഴിയും. ചിലപ്പോൾ മന്ത്രിയുമാകും. പക്ഷെ, ലീഗ് ഇന്നത്തെ അവസ്ഥയിൽ തന്നെയുണ്ടാകുമായിരുന്നോ. കുറ്റിപ്പുറത്ത് ജലീലിനോട് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷേ ലീഗിന് ഇന്ന് കാണുന്ന ശക്തിയുണ്ടാകും എന്ന് കരുതാനാകില്ല. ലീഗ് കൂടുതൽ ജനാധിപത്യരീതി സ്വീകരിക്കാൻ തുടങ്ങിയത് കുറ്റിപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ പരാജയത്തെ തുടർന്നാണ്. കുഞ്ഞാലിക്കുട്ടിയുടെ ശരീരഭാഷക്ക് മിതത്വവും പെരുമാറ്റത്തിന് സൂക്ഷ്മതയും വരുത്താൻ കുറ്റിപ്പുറത്തെ തോൽവി സഹായകമായി. അജയ്യരാണെന്ന തോന്നൽ ലീഗ് നേതാക്കൽക്ക് ഇല്ലാതായത് കുറ്റിപ്പുറത്തെ തോൽവിക്ക് ശേഷമാണ്. അതിന് മുമ്പ് മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ ലീഗ് തോറ്റിരുന്നെങ്കിലും അതൊക്കെ താൽക്കാലിക പ്രതിഭാസം എന്നായിരുന്നു കണക്കുകൂട്ടൽ. ലീഗിൽ ജനാധിപത്യം പുലരാൻ തുടങ്ങിയത് കുറ്റിപ്പുറത്തെ തോൽവിയോടെയാണ്. 2006-ലെ ഏഴ് സീറ്റിൽനിന്ന് 2011-ലെ 20 സീറ്റിലേക്ക് ലീഗ് ഉയരാനുള്ള കാരണം ഈ ജനാധിപത്യവത്കരണം തന്നെയായിരുന്നു. ജലീൽ – ലീഗ് പോർമുഖത്ത് മഞ്ഞുരുകുമ്പോൾ ഇനിയെന്ത് എന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
ലീഗ് എൽ ഡി എഫിലേക്ക് വരുന്നതിൻ്റെ മുന്നോടിയാണിതെന്ന് പറഞ്ഞാലും അതിശയോക്തി കുറേണ്ടതില്ല. അതിൻ്റെ സൂചനകളിലേക്കാണ് ജലീലിൻ്റെ ഇന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റും ശക്തമായി വിരൽ ചൂണ്ടുന്നത്.
ജലീൽ – കുഞ്ഞാലിക്കുട്ടി ചർച്ച AR നഗർ ബാങ്ക് അഴിമതി ഒത്തു തീർപ്പിനപ്പുറത്തേക്കെന്ന് സൂചന. അടുത്ത തിരഞ്ഞെടുപ്പിൽ മാണി കോൺഗ്രസ് പോലെ ലീഗും എൽ ഡി എഫിലെത്തിയാൽ മൂക്കത്ത് വിരൽ വെക്കേണ്ടതില്ല എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് ഒത്തു ചേരേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി കെ ടി ജലീലിൻ്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും സി പി ഐ കാണിക്കുന്ന എതിർപ്പിനെ മറികടക്കാൻ ലീഗിൻ്റെ വരവോടെ കഴിയുമെന്ന കണക്ക് കൂട്ടലുമുണ്ട്. വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ ശക്തി ശയിച്ചതോടെ സി പി എമ്മിലും ഇതിന് കാര്യമായ എതിർപ്പുണ്ടാകാനിടയില്ല. തമ്മിൽ തല്ലുന്ന കോൺഗ്രസിനെ വച്ച് യു.ഡി.എഫിന് ഒരു തിരിച്ചു വരവ് അസാധ്യമെന്ന് ലീഗ് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ബിജെപി അടവുകൾ കേരളത്തിൽ വേവില്ലെന്ന് ഉറപ്പായതോടെ ഹിന്ദു വോട്ടുകളെ ചൊല്ലി സി പി എമ്മിന് വേവലാതിപ്പെടേണ്ട കാര്യവുമില്ല. ഇനി അങ്ങിനെ ഉണ്ടായാൽ തന്നെ ശക്തമായ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിലൂടെ സി പി എമ്മിന് ഇത് എളുപ്പത്തിൽ മറി കടക്കാനുമാവും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London