സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുക്കുന്നതു പതിവാക്കിയ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം സ്വദേശി പി.എസ്.അരുൺ (അരുൺ സാകേതം–33) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർതൃമതിയായ വീട്ടമ്മയെ ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയപ്പെട്ടത്. സൗഹൃദം ശക്തമായതോടെ വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി. തുടർന്ന് അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയെന്നാണ് പൊലീസ് പറയുന്നത്.ഇതിനിടെ വീട്ടമ്മ മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും പൊലീസിനു മൊഴി നൽകി.
© 2019 IBC Live. Developed By Web Designer London