സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങൾ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസി. പ്രൊഫസർ റാങ്കിലുള്ള സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂർവമായ സമീപനം ജീവനക്കാർ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. എല്ലാ മെഡിക്കൽ കോളജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
രോഗികളുടെ കൂടെയെത്തുന്നവർക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകൾ ശേഖരിക്കാനുള്ള കളക്ഷൻ സെന്ററുകൾ അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു വെന്റിലേറ്റർ തുടങ്ങിയവയുടെ വിവരങ്ങളും അറിയാൻ കൺട്രോൾ യൂണിറ്റുകൾ സ്ഥാപിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിൻ ക്ലിനിക്കുകൾ സ്ഥാപിക്കും. രോഗികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനമൊരുക്കുന്നതാണ്.
ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലർത്തുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിന് പുറമേ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ വ്യാപിപ്പിക്കുന്നതാണ്. ഈ പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളജുകളിലെ പ്രഗത്ഭ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സംഘം. അടുത്തഘട്ടമായി കോട്ടയം, തൃശൂർ മെഡിക്കൽ കോളജിൽ ഇത് നടപ്പിലാക്കും.
എല്ലാ മെഡിക്കൽ കോളജുകളും മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തണം. പോരായ്മകൾ ആശുപത്രികൾ തന്നെ കണ്ടെത്തി പരിഹരിക്കാൻ ഗ്യാപ്പ് അനാലിസിസ് നടത്തണം. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London