നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി. നാലാം പ്രതി അബ്ദുല്‍സലാമാണ് എറണാകുളം ജില്ലാകോടതിയില്‍ കീഴടങ്ങിയത്. വിവാഹാലോചനയുമായാണ് ചെന്നതെന്ന് പ്രതി പറയുന്നു. അതേസമയം ഷംനയെ ബ്ലാക്മെയില്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പരാതി കൂടി ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. ലൈംഗിക ചൂഷണം നടന്നതായി ഒരാൾ പരാതി നല്കി. പരാതി നല്‍കിയവരുടെ മൊഴി എടുക്കും. സ്വർണക്കടത്ത് എന്നത് ആരോപണം മാത്രമാണെന്നും ഇതുവരെ സ്ഥരീകരിച്ചിട്ടില്ലെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ തട്ടിപ്പ് സംഘത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവമോഡൽ അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലുള്ള നടി തിരികെ എത്തുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ നാലുപേരാണ് ഇതുവരെ പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയാണ് രൂപീകരിച്ചത്. സംഘത്തില്‍ ഏഴ് പേര് ഉളളതായി പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലാകാനുളള ബാക്കി മൂന്ന് പേര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മോഡലിംഗിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണക്കടത്തിന് കൂട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും മുറിയില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ഇതേ പ്രതികള്‍ക്കെതിരെ മോഡലിംഗ് രംഗത്തുളള മൂന്ന് പേര് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പാലക്കാട് വെച്ച് നടന്ന സംഭവത്തെക്കുറിച്ച് എറണാകുളം നോര്‍ത്ത് പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്. ഇതോടെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായുളള ബന്ധവും പുറത്തുവരികയാണ്. സിനിമാമേഖലയിലുളള ആരെങ്കിലും ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ സഹായിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London