സിൽവർലൈൻ പദ്ധതിയെ എതിർത്ത് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞ് എ എൻ ഷംസീർ എംഎൽഎ. സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ തന്നെ പറഞ്ഞെന്നും ജനങ്ങൾ അതിന് അംഗീകാരം നൽകിയെന്നും ഷംസീർ പറഞ്ഞു. ഇനി ആര് എതിർത്താലും പദ്ധതി നടപ്പാക്കും. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടുകൾക്ക് അഞ്ച് സംസ്ഥാനങ്ങളിൽ മറുപടി ലഭിച്ചു. എന്തിനെയും എതിർക്കുന്ന മനോഭാവം മാറ്റിയില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും ഷംസീർ സഭയിൽ പറഞ്ഞു. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതെന്ന് എ എൻ ഷംസീർ ചൂണ്ടിക്കാട്ടി. പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്നത് തെറ്റായ പ്രചരണമാണ്. 2.88 ലക്ഷം കാർബൺ ബഹിർഗമനം സിൽവർലൈൻ പദ്ധതി നടപ്പിലാകുന്നതോടെ കുറയ്ക്കാനാകും. വാഹനാപകടങ്ങൾ കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സാധിക്കും. എന്തിന് കെ റെയിൽ നടപ്പിലാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടി തോമസ് ഐസക്കിന്റ പുസ്തകത്തിലുണ്ടെന്നും പ്രതിപക്ഷത്തിന് സൗജന്യമായി പുസ്തകം വിതരണം ചെയ്യാൻ തയാറാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന് വിമോചന സമരം തികട്ടി വരുന്നുണ്ടെന്നും ഷംസീർ വിമർശിച്ചു. ദേശീയ പാതകൾക്കും ജലപാതകൾക്കും മറ്റ് വികസന പദ്ധതികൾക്കുമെതിരായി ഇവന്റ് മാനേജ്മെന്റ് സമരമാണ് കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം നടത്തുന്നത്. ബിജെപിയും സാമുദായിക മൗദൂദിസ്റ്റുകളും ഒപ്പം ചേരുന്നുമുണ്ട്. രണ്ടാം വിമോചന സമരത്തിനാണ് ഒരുങ്ങുന്നതെങ്കിൽ എൽഡിഎഫ് അത് അനുവദിക്കില്ലെന്നും ഷംസീർ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായി പണം നൽകുമെന്നാണ് സഭയിൽ ഷംസീർ വാദിച്ചത്. വികസനത്തിനായുള്ള തൂണികൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ പൊലീസിന്റെ മർദനം ഏൽക്കേണ്ടി വന്നെന്നിരിക്കും. പദ്ധതികൾക്കെല്ലാം കമ്മീഷൻ തരപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവമാണെന്നും ഷംസീർ ആഞ്ഞടിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London