സിൽവർലൈൻ പദ്ധതിക്ക് കെ റെയിൽ പറയുന്നതിനേക്കാൾ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയിൽ ഡിപിആർ എസ്റ്റിമേറ്റ് തള്ളിക്കൊണ്ടായിരുന്നു നീതി ആയോഗിന്റെ വിശദീകരണം. പദ്ധതി ചെലവ് ഏകദേശം 1.3 ലക്ഷം കോടി രൂപ വരുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടൽ. ഡിപിആറിൽ ഒരു കിലോമീറ്ററിന് 121 കോടി രൂപ ചെലവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ തുക പര്യാപ്തമാകില്ലെന്നും 238 കോടി രൂപ വേണ്ടിവരുമെന്നുമാണ് നീതി ആയോഗ് കണക്കാക്കുന്നത്. 2020 സെപ്റ്റംബറിൽ സംസ്ഥാന സർക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിന്റെ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 2020 ലെ വിപണി വില അനുസരിച്ചുള്ള കണക്കുകളാണിത്. വിലക്കയറ്റം കണക്കാക്കുമ്പോൾ തുക വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഒഴിവാക്കിയാൽ 49,918 കോടി രൂപ ചെലവിൽ പദ്ധതി തീർക്കാനാകുമെന്നായിരുന്നു കെ റെയിലിന്റെ കണക്കുകൂട്ടൽ .എന്നാൽ ഇതിന് യാതൊരു സാധ്യതയുമില്ലെന്നാണ് നീതി ആയോഗിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. തന്റെ കണക്കുകൂട്ടൽ പ്രകാരം പദ്ധതിക്ക് ആകെ 1.5 ലക്ഷം കോടി രൂപയാകുമെന്ന് റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ പറഞ്ഞിരുന്നു. സിൽവർലൈൻ പദ്ധതി കേരളത്തെ സാമ്പത്തികമായി തകർക്കുമെന്നും ഡി പി ആറിൽ പറയുന്ന തുകയിൽ പദ്ധതി പൂർത്തീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവും മുൻപ് വിമർശിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London