തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകത്തതിൽ ബിജെപിയിൽ അമർഷം. തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ അധ്യക്ഷനെതിരെ പരസ്യമായി വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് ഒ രാജഗോപാൽ തന്നെ രംഗത്തെത്തി. ശോഭ സുരേന്ദ്രൻ്റെ പരാതി പരിഹരിക്കേണ്ടതായിരുന്നു എന്നും ഒ രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നാണ് ഒ രാജഗോപാലിൻ്റെ വിലയിരുത്തൽ. ആറ്റുകാലിൽ അടക്കം ഇത് പ്രകടമായിരുന്നു. തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച ബിജെപിക്ക് അടിതെറ്റിയെന്ന് മാത്രമല്ല, ഇടതു മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റ് നേടുന്ന സാഹചര്യവും ഉണ്ടായി. തൃശൂരിലും സ്ഥിതി മെച്ചപ്പെടുത്താനായില്ല.
19നു ചേരുന്ന കോർ കമ്മിറ്റി ഫലം ചർച്ച ചെയ്യും. ഫലം വിലയിരുത്തുമ്പോൾ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് അതൃപ്തരായ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ശോഭാ സുരേന്ദ്രനും പി എൻ വേലായുധനും കെ പി ശ്രീശനും അടക്കമുള്ളവർ ഉന്നയിച്ച പരസ്യ വിമർശനത്തിൽ പലരും കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലും ആവശ്യപ്പെടുന്നുണ്ട്.
© 2019 IBC Live. Developed By Web Designer London