സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്ക്രിയത്വം മൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം ഈസ്റ്റ് ഷാൻബാബു കൊലക്കേസിൽ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഓപറേഷൻ കാവൽ വഴി 63 പേർക്കെതിരെ കാപ്പ ചുമത്തുകയും 1,457 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സുധാകരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമല്ലേ നിങ്ങൾക്കുള്ളത്? ധീരജ് കൊലപാതകത്തെ കെ.എസ്.യു നേതാവ് പോലും തള്ളിപ്പറഞ്ഞിട്ടും നിങ്ങളുടെ നേതാവ് തള്ളിയില്ല. പൊലീസിനെ നിർവീര്യമാക്കണമെന്ന ആഗ്രഹം ചിലർക്കുണ്ട്. വർഗീയമായി പൊലീസിനെ ആക്രമിക്കുന്നുണ്ട്. ആ ശക്തികളുടെ വക്താക്കളാകുന്ന അവസ്ഥ നിങ്ങളിൽനിന്ന് ഉണ്ടാകരുത്. ചിലരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി വരുന്നുണ്ട്. തെറ്റായ സമീപനങ്ങളെ സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London