യൂറോ കപ്പിൽ സ്പെയിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ സ്ലൊവാക്യയെ മടക്കമില്ലാത്ത 5 ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് സ്പെയിൻ്റെ ജയം. മറ്റൊരു മത്സരത്തിൽ പോളണ്ടിനെ സ്വീഡൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെ സ്പെയിൻ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 7 പോയിൻ്റുള്ള സ്വീഡൻ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സ്പെയിന് അഞ്ച് പോയിൻ്റുണ്ട്.
ഇടതടവില്ലാത്ത ആക്രമണങ്ങളെ തുടർന്ന് 12-ാം മിനിട്ടിൽ തന്നെ സ്പെയിന് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റാൻ ആൽവരോ മൊറാട്ടയ്ക്ക് സാധിച്ചില്ല. മൊറാട്ടയുടെ കിക്ക് സ്ലൊവാക്യൻ ഗോളി തട്ടിയകറ്റുകയായിരുന്നു. ആക്രമണം തുടർന്ന സ്പെയിൻ 30ആം മിനിട്ടിൽ ആദ്യ ഗോളടിച്ചു. ക്രോസ് ബാറിൽ തട്ടി തെറിച്ച പാബ്ലോ സെറാബിയയുടെ ലോങ് റേഞ്ചർ തട്ടിയകറ്റാനുള്ള സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക പന്ത് സ്വന്തം പോസ്റ്റിലേക്ക് തട്ടിയിട്ടു. ഗോൾ 0-1. ആദ്യ പകുതിയുടെ ഇന്ധുറി ടൈമിൽ അടുത്ത ഗോൾ വന്നു. ബോക്സിനുള്ളിൽ നിന്ന് മൊറേനോ നൽകിയ ലോബ് ക്രോസിൽ തലവച്ച് അയ്മെറിക് ലാപോർട്ടെയാണ് സ്പെയിൻ്റെ രണ്ടാം ഗോൾ നേടിയത്. സ്കോർ 0-2.
രണ്ടാം പകുതിയിൽ സ്പെയിൻ ആക്രമണം കൊഴുപ്പിച്ചു. 56-ാം മിനിട്ടിൽ സെറാബിയയിലൂടെ സ്പെയിൻ വീണ്ടും നിറയൊഴിച്ചു. ഇടതു പാർശ്വത്തിൽ നിന്ന് ജോർഡി ആൽബ നൽകിയ ക്രോസ് സെറാബിയ സ്ലൊവാക്യൻ വലയിൽ നിക്ഷേപിക്കുകയായിരുന്നു. സ്കോർ 0-3. 60ആം മിനിട്ടിൽ മൊറാട്ടയ്ക്ക് പകരം ഫെറാൻ ടോറസ് കളത്തിലിറങ്ങി. തൊട്ടടുത്ത മിനിട്ടിൽ തന്നെ താരം ഗോൾ പട്ടികയിൽ ഇടം പിടിച്ചു. സെറാബിയയുമായുള്ള വൺ-ടൂ പാസിനൊടുവിൽ പെഡ്രി നൽകിയ ലോ ക്രോസിൽ നിന്ന് ഒരു ഫ്ലിക്കിലൂടെയാണ് ടോറസ് സ്കോർ ചെയ്തത്. മത്സരത്തിൽ ടോറസിൻ്റെ ആദ്യ ടച്ചും ഇതായിരുന്നു. സ്കോർ 0-4. 72ആം മിനിട്ടിൽ സ്പെയിൻ അഞ്ചാം ഗോൾ നേടി. സ്ലൊവാക്യൻ ഗോൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സ്ലൊവാക്യൻ മിഡ്ഫീൽഡർ ജുറാജ് കുക്ക സ്കോർ ചെയ്ത സെൽഫ് ഗോളാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London