ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു. പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്സെ സമ്മതിച്ചതായി കൊളംബോ പേജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്സെ സൂചിപ്പിച്ചിരുന്നു.
കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London