തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷക്ക് മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതൽ.
കോളജുകൾ ജനുവരി 1ന് തുറക്കും. അവസാന വർഷ ബിരുദ, പി ജി ക്ലാസുകളാണ് ജനുവരി ഒന്ന് മുതൽ ആരംഭിക്കുക. പകുതി വീതം വിദ്യാർഥികളെ വെച്ചായിരിക്കും ക്ലാസുകൾ. രാവിലെയും ഉച്ചക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങും സ്കൂൾ തലത്തിൽ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതത്തോടെ സ്കൂളിൽ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങൾ നിർവഹിക്കും.
കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
യോഗത്തിൽ മന്ത്രിമാരായ കെ കെ ശൈലജ, സി രവീന്ദ്രനാഥ്, ഡോ. കെ ടി ജലീൽ, വി എസ് സുനിൽകുമാർ, ജെ മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London