മലപ്പുറം വളാഞ്ചേരിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം, യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചുകൾ അക്രമാസക്തമായി. മലപ്പുറത്ത് എംഎസ്എഫ് നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിവീശി. മലപ്പുറം ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ പൊലീസ് രണ്ട് തവണയാണ് ലാത്തിവീശിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉൾപ്പടെ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലപ്പുറം കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസും ഡിഡിഇ ഓഫീസിലേക്ക് ഫ്രറ്റേണിറ്റിയും ക്യാംപസ് ഫ്രണ്ടും കുറ്റിപ്പുറം എഇഓ ഓഫീസിലേക്ക് കെഎസ് യുവും മാർച്ച് നടത്തി. തലസ്ഥാനത്ത് ഡി.പി.ഐ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച എം.എസ്.എഫ് പ്രവർത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘർത്തിനിടെയാക്കി.
യുവമോർച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലും കെ. എസ്.യുവും ക്യാമ്പസ് ഫ്രണ്ടും എബിവിപിയും സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. എബിവിപി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു, എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി. കെ എസ് യു മാർച്ച് അക്രസക്തമാവുകയുംപ്രവർത്തകർ ഡി ഡി ഇ ഓഫീസിൽ അതിക്രമിച്ചു കയറുകയും ചെയ്തു. തൃശ്ശൂരിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലെക്ക് എംഎസ്എഫ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കൊല്ലത്തും തൃശൂരും ഡിഇഒ ഓഫിസിലേക്കും ഡിഡിഇ ഓഫീസിലേക്കും തള്ളിക്കയറിയ കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
© 2019 IBC Live. Developed By Web Designer London