കൊച്ചി: തീവ്രവാദസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവുശിക്ഷ. 2,10,000 രൂപ പിഴയും എഎന്‍എ കോടതി വിധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുക, ഗൂഢാലോചന നടത്തുക, തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക, സഹായം ചെയ്യുക ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി.
രാജ്യത്ത് ആദ്യമായാണ് ഇത്തരം കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നത്. തിരുനെല്‍വേലി താമസമാക്കിയ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ 2015 ഫെബ്രുവരിയിലാണ് ഐഎസില്‍ ചേര്‍ന്ന് ഇറാഖില്‍ പോയത്. 2015 സെപ്തംബറിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇറാഖ്, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോയാണ് ആയുധ പരിശീലനം നേടി യുദ്ധം ചെയ്തത്.
ജഡ്ജി പി കൃഷ്ണകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. കണ്ണൂരിലെ കനകമലയില്‍ 2016 ല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണ് എന്‍ഐഎ സുബഹാനിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും സുബഹാനി പദ്ധതിയിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
© 2019 IBC Live. Developed By Web Designer London