കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച കേരള – കർണാടക അതിർത്തി തുറക്കാൻ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവേ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. ഇതോടെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോവിഡ് ബാധിതരല്ലാത്ത രോഗികളെ അതിർത്തികടക്കാൻ അനുവദിക്കാമെന്ന് കർണാടക മുഖ്യമന്ത്രി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാരും സംഭവത്തിൽ ചർച്ച നടത്തി ധാരണയിൽ എത്തിയെന്നാണ് തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്. അടിയന്തര ചികിത്സ വേണ്ടവർക്ക് കേരളത്തിൽനിന്ന് കർണാടകയിലെ ആശുപത്രികളിലേക്ക് പോകുന്നതിനും അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നതിനും തടസമില്ലന്നും ഇതിനായി പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത വ്യക്തമാക്കി. അതേസമയം ഇപ്പോഴും അതിർത്തിയിലൂടെ രോഗികളെ കടത്തിവിടുന്നില്ല എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ പറയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London