തിരുവനന്തപുരം പാറശാലയിൽ നൈറ്റ് പെട്രോളിങ്ങിനിടെ പെട്രോളിംഗ് വാഹനത്തിൽ നിന്ന് കൈക്കൂലിപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ഗ്രേഡ് എസ്.ഐയ്ക്കും ഡ്രൈവർക്കും സസ്പെൻഷൻ. എസ്.ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവരെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി ദിവ്യാ വി. ഗോപിനാഥ് സസ്പെൻഡ് ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജ്യോതികുമാറും ഡ്രൈവറും വിജിലൻസിന്റെ വലയിലായത്. കണക്കിൽപ്പെടാത്ത 13,690 രൂപ പട്രോളിംഗ് വാഹനത്തിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തിരുന്നു. രാത്രി കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് പാറ, എം സാന്റ്, പി സാന്റ് എന്നിവ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് പണം പിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പാറ കയറ്റി വരുന്ന ലോറികളിൽ നിന്ന് ലോഡൊന്നിന് 250 രൂപ വീതവും മണ്ണ് ലോറികളിൽ നിന്ന് 500 രൂപ വീതവുമാണ് ഗ്രേഡ് എസ്.ഐയും ഡ്രൈവറും പടിയായി വാങ്ങിയിരുന്നത്. ഇതിന് പുറമേ കാണുന്ന വാഹനങ്ങളിൽ നിന്നെല്ലാം തോന്നുംപടി പണം പിരിക്കുകയും ചെയ്തിരുന്നു. പട്രോളിംഗ് വാഹനത്തിൽ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇരുവർക്കുമെതിരെ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെന്റ് ചെയ്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London