കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച് ബിഹാറില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. വോട്ടുചെയ്യാന്‍ കാത്തുനിന്നയാള്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചപ്പോള്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്ര സേന നടത്തിയ വെടിവെപ്പില്‍ നാലു പേരും കൊല്ലപ്പെട്ടു.
സീതല്കച്ചിയിലെ പത്താന്തുലിയിലല് തൃണമൂല്‍- ബി.ജെ.പി സംഘട്ടനത്തിനിടെയാണ് കന്നി വോട്ടറായ ആനന്ദ് ബര്മന് കൊല്ലപ്പെട്ടത്. 11.30 ഓടെ ഇരു കക്ഷികളും വീണ്ടും ഏറ്റുമുട്ടിയതോടെ കേന്ദ്ര സേന വെടിവെപ്പ് നടത്തുകയായിരുന്നു. ഒരു പോളിങ് സ്റ്റേഷനില്‍ 200ലേറെ പേര് കടന്നുകയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. ‘നേരെ ചൊവ്വെ തോല്പിക്കാനാകാതെ വരുമ്പോള്‍ വെടിവെച്ചുകൊല്ലുന്നതാണ് നിങ്ങളുടെ രീതി’യെന്ന് തൃണമൂല്‍ എം.പി ഡെറക് ഒ ബ്രിയന്‍ കുറ്റപ്പെടുത്തി. വെടിവെപ്പ് നടന്ന സ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അടുത്തിടെയായി തെരഞ്ഞെടുപ്പ് കമീഷന് മാറ്റിയതായും ഇരുകൈകളിലുമിപ്പോള് രക്തം കറപിടിച്ചുനില്ക്കുന്നുണ്ടെന്നും ഒ ബ്രിയന്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, കേന്ദ്ര സേനക്കുനേരെ അക്രമത്തിന് തൃണമൂല്‍ നേതൃത്വം പ്രേരണ നല്‍കുകയായിരുന്നുവെന്നും മരണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും കൂച്ച് ബിഹാര്‍ ഉള്‍പെടുന്ന ദിന്ഹട്ടയില്നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റംഗമായ നിസിത് പ്രമാണിക് കുറ്റപ്പെടുത്തി. കൊലപാതകം സംബന്ധിച്ച് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തെരഞ്ഞെടുപ്പ് കമീഷനും നിര്‍ദേശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London