ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻനിരയിലേക്ക് കയറി വന്നിരിക്കുന്നത് തമിഴ്നാട്ടിലെ ചിന്നപ്പാമ്പട്ടി എന്ന ഗ്രാമത്തിൽ നിന്നും വന്ന 30 കാരനായ തങ്കരസു നടരാജൻ. ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയപ്പോൾ തന്നെ നടരാജൻ തൻ്റെ ക്ലാസ് വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ഓസീസിനെതിരെ ഒന്നാം ടി20യിൽ ഇന്ത്യയുടെ വിജയശിൽപ്പികളിൽ ഒരാളായിരിക്കുകയാണ് നടരാജൻ. തങ്കരസു നടരാജനെ കുറിച്ചുള്ള കമാൽ വരദൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
അവൻ വരുന്നു ഇതൊരു കഥയാണ്….. എല്ലാവരും അറിയേണ്ട കഥ. നമ്മുടെ നായകൻ്റെ പ്രായം 30. അവൻ്റെ രക്ഷിതാക്കൾ കോയമ്പത്തൂരിന് സമീപം തട്ടുക്കട നടത്തുന്നു. വഴിപോക്കർക്ക് നല്ല ചൂടു ചായയും പരിപ്പ് വടയുമെല്ലാം തയ്യാറാക്കി നൽകുന്നവർ. അവരുടെ മകനാണ് കഥാനായകൻ. രണ്ട് മാസം മുമ്പ് അവൻ യു.എ.ഇയിലേക്ക് പോവുന്നു.
അധിക വിമാനയാത്ര നടത്തിയിട്ടില്ലാത്ത അവൻ്റെ ശക്തി ഇടം കൈയ്യായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് എന്ന ടീമിൻ്റെ പാവത്താൻ സീമർ. ഡേവിഡ് വാർണർ എന്ന ടീമിൻ്റെ ഓസ്ട്രേലിയൻ നായകൻ പക്ഷേ ഇവനെ അതിയായി സ്നേഹിച്ചു. അവൻ്റെ വേഗതയെ ഇഷ്ടപ്പെട്ടു. ഇടക്കിടക്ക് പന്ത് നൽകി. പറന്ന് വരുന്ന യോർക്കറുകൾ പല വമ്പന്മാരെയും വിറപ്പിച്ചു. ഇതെല്ലാം കാണുന്നുണ്ടായിരുന്നു സൗരവ് ഗാംഗുലി എന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ തലവൻ. അദ്ദേഹം അബുദാബിയിലും ദുബൈയിലുമായുണ്ടായിരുന്നു. ഫോണിൽ സെലക്ടർമാരുമായി ബന്ധപ്പെട്ടു.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിനെ തെരഞ്ഞെടുക്കുമ്പോൾ ഈ യുവാവിനെ പരിഗണിക്കണമെന്ന നിർദ്ദേശം നൽകി. മറുഭാഗത്ത് നിന്നുള്ള മറുപടി ആശാവഹമായിരുന്നില്ല. ബുംറയുണ്ട്, ഷമിയുണ്ട്, ഉമേഷുണ്ട്, സെയ്നിയുണ്ട്… പിന്നെ എവിടെ സ്ഥാനം…? ജസ്റ്റ് ട്രൈ എന്നായിരുന്നു സൗരവിൻ്റെ നിർദ്ദേശം. ഐ.പി.എൽ കഴിയുന്നതിന് മുമ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടി-20 സംഘത്തിൽ അവനെ ഉൾപ്പെടുത്തി.
അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ അവന് തന്നെ സംശയമായിരുന്നു പക്ഷേ ഈ പ്രായത്തിൽ ഇന്ത്യൻ കുപ്പായമെന്ന സ്വപ്നം സത്യമായതിലെ മന്ദഹാസത്തിൽ അവൻ വീണ്ടും വിമാനം കയറി-ദുബൈയിൽ നിന്ന് സിഡ്നിയിലേക്ക്. അവിടെ 14 ദിവസം ക്വാറൻ്റൈൻ. സീനിയേഴ്സിനായി ധാരാളം പന്തെറിഞ്ഞ് കൊടുത്തു. ടി-20 പരമ്പരക്ക് മുമ്പ് ഏകദിനങ്ങളായിരുന്നു. ഇന്ത്യ പതറി. സിഡ്നിയിലെ ആദ്യ രണ്ട് മൽസരവും തോറ്റു. കാൻബറയിലെ മൂന്നാം മൽസരത്തിന് പ്രസക്തി കുറവായിരുന്നു. അതിനാൽ നായകൻ വിരാത് കോലി അവനെ വിളിച്ചു. പന്ത് നൽകി. കാൻബറയിലെ കൊച്ചു മൈതാനത്ത് അവനതാ പറക്കുന്നു. യോർക്കറുകൾ. ഓസ്ട്രേലിയക്കാർ വിറച്ചു. മൽസരം ഇന്ത്യ ജയിച്ചു.
അതോടെ കോലി കോച്ച് രവിശാസ്ത്രിയുമായി സംസാരിച്ചു- ഇവനെ തൽക്കാലം ഏകദിന ടീമിലെ നെറ്റ് ബൗളറാക്കി നിലനിർത്തിയാലോ…? ശാസ്ത്രി സമ്മതിച്ചു. കോലിയോട് ആധികാരികമായി പറഞ്ഞു-നെറ്റ്സിൽ മാത്രമാക്കണ്ട, ടീമിൽ തന്നെ എടുക്കാം. അങ്ങനെ അവൻ ടീമിലെത്തി. ആദ്യ ഇലവനിൽ തന്നെ അവസരങ്ങൾ. മൂന്ന് മൽസരവും കളിച്ചു. വീണ്ടും ഗംഭീര ബൗളിംഗ്. അവനായിരുന്നു സത്യത്തിൽ ഇന്ത്യ സ്വന്തമാക്കിയ പരമ്പരയിലെ കേമൻ. ഏകദിന പരമ്പരക്ക് ശേഷം വീണ്ടും കോലിയും ശാസ്ത്രിയും ഇരുന്നു. ഒപ്പം ഉപനായകൻ അജിങ്ക്യ രഹാനേയും. ഇവനെ നാട്ടിലേക്ക് തിരിച്ചയക്കണ്ട. ഇവിടെ തന്നെ തുടരട്ടെ. അങ്ങനെ അവൻ നെറ്റ്സിൽ പന്തേറുകാരനായി തുടർന്നു. ടെസ്റ്റ് പരമ്പര തുടങ്ങി. അഡലെയ്ഡിൽ ഇന്ത്യ തകരുന്നതിനിടെ മുഹമ്മദ് ഷമിക്ക് പരുക്ക്. പകരക്കാരനായി ശ്രാദ്ധൂൽ ഠാക്കൂറിനെ വിളിച്ചു. ഠാക്കൂർ ഓസ്ട്രേലിയയിലുണ്ടായിരുന്നുൃ-നെറ്റ്സിൽ അവനൊപ്പം. മെൽബണിൽ രണ്ടാം ടെസ്റ്റ്. ഇന്ത്യക്ക് തകർപ്പൻ വിജയം. മൽസരത്തിനിടെ ഉമേഷ് യാദവിന് പരുക്ക്. രഹാനേ കോച്ച് ശാസ്ത്രിയോട് പറഞ്ഞു-പകരക്കാരനായി അവൻ വരട്ടെ. അങ്ങനെ അവനതാ ടെസ്റ്റ് ടീമിലുമെത്തി. ബുധനാഴ്ച്ചയാണ് സിഡ്നിയിൽ മൂന്നാം ടെസ്റ്റ്-അവൻ ആദ്യ ഇലവനിലെത്താനാണ് വ്യക്തമായ സാധ്യത. അങ്ങനെ വന്നാൽ അത് ചരിത്രമാവും. നെറ്റ്സിൽ പന്തെറിയാൻ വന്നവൻ ടി-20 യിലും ഏകദിനങ്ങളിലും ടെസ്റ്റിലും കളിക്കുന്നു. അവനെ നിങ്ങൾക്കറിയാം… നെട്ടു എന്ന തെങ്കരസു നടരാജൻ. യോർക്കറുകളുടെ പുതിയ ഇന്ത്യൻ രാജാവ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London